
കൊല്ലത്ത് വീണ്ടും സ്ത്രീധനക്കൊല; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍
June 21, 2021 6:28 pm
0
കൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മരണത്തിന് മുമ്ബ് യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും വിസ്മയ സഹോദരനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയിരുന്നു.മാത്രമല്ല അതില്‍ മര്‍ദ്ദന വിവരവും പറയുന്നുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ വിസ്മയയുടെ മൃതദേഹം ഭര്‍തൃ വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മരണത്തില്‍ പോലീസ് അന്വേഷണം ശക്തമല്ലെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറായി മോര്‍ച്ചറി സൗകര്യം പോലുമില്ലാത്ത ആശുപത്രിയിലാണ് യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് എന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.