
വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുന്നു: സര്‍ക്കാരിനെതിരെ കെ സുധാകരന്‍
June 18, 2021 6:11 pm
0
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മദ്യശാലകള്‍ അമ്ബത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. ബാറുകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കൂടാതെ വാരാന്ത്യ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ സാമ്ബത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. അതുപോലെ സര്‍ക്കാര്‍ ഉദ്യേഗസ്ഥരടക്കം ആശ്രയിക്കുന്ന പൊതുഗതാഗതത്തെ പരിമിതപ്പെടുത്തുന്നതും ഫലത്തില്‍ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണെന്നും സുധാകരന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപൂര്‍വ്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. എന്നാല്‍ വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റ്റിപിആര്‍ കൂടുന്നതിനനുസരിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും നീട്ടുകയും ചെയ്യുക എന്നതിലുപരിയായി ഒരു ദീര്‍ഘവീക്ഷണവും സര്‍ക്കാരിനില്ല. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമേയുള്ളു. അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.