Wednesday, 14th May 2025
May 14, 2025

‘പൊങ്കാല’യില്‍ തിളച്ചുമറിഞ്ഞ്​ തിരുവനന്തപുരം കോര്‍പറേഷന്‍

  • June 18, 2021 1:01 pm

  • 0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി. ബി.ജെ.പിയിലെ 33 അംഗങ്ങള്‍ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുള്‍പ്പെടെ 54 അംഗങ്ങള്‍ എതിര്‍ത്ത്​ വോട്ടുചെയ്തു.

യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാതെ നടുത്തളത്തിലിറങ്ങിയും കോര്‍പറേഷന്​ മുന്നിലും പ്രതിഷേധിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ പേരിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക കൗണ്‍സില്‍ മേയര്‍ വിളിച്ചത്.

കോര്‍പറേഷ​െന്‍റ വൗച്ചര്‍ പ്രകാരം 60 തൊഴിലാളികളാണ് ആറ്റുകാല്‍ ശുചീകരണത്തില്‍ പങ്കെടുത്തതായി കാട്ടിയിട്ടുള്ളത്​. എന്നാല്‍ 250 പേര്‍ക്ക്​ ഭക്ഷണത്തിനുള്ള തുകയാണ് വകയിരുത്തിയിരിക്കുന്നത്. ധനകാര്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി കണാതെ ആരോഗ്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി‍‍യാണ് തുക പാസാക്കിയിരിക്കുന്നത്. 150-200 സി.എഫ്.ടി കപ്പാസിറ്റിയുള്ള ടിപ്പറിന് 7500 രൂപയാണ് പുറത്തുള്ള വാടക.

എന്നാല്‍, 13,000 രൂപയാണ് കണക്കുകളില്‍ കാണിച്ചിരിക്കുന്നത്. 14,500 രൂപയുള്ള 200-സി.എഫ്.ടി കപ്പാസിറ്റിയുള്ള ടിപ്പറിന് 18,500 രൂപയാണെന്നും ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ആരോപിച്ചു.