തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ (KSFE) ചരിത്രപരമായ നേട്ടത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തിന്റെ ആകെ ബിസിനസ് 1.10 ലക്ഷം കോടി രൂപ പിന്നിട്ടു. ഇതോടെ ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാങ്കിതര സർക്കാർ ധനകാര്യ സ്ഥാപനമായി കെഎസ്എഫ്ഇ മാറി. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ലക്ഷം കോടി ക്ലബ്ബിൽ ഇടംപിടിച്ച സ്ഥാപനം വെറും നാല് മാസങ്ങൾക്കുള്ളിലാണ് ബിസിനസിൽ പതിനായിരം കോടിയുടെ കൂടി വർദ്ധനവ് രേഖപ്പെടുത്തിയത്.
മികച്ച ലാഭം കൊയ്തതോടെ സംസ്ഥാന സർക്കാരിന് റെക്കോർഡ് തുകയാണ് ലാഭവിഹിതമായി (Dividend) കെഎസ്എഫ്ഇ കൈമാറിയത്. 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപയുടെ ചെക്ക് ചെയർമാൻ കെ. വരദരാജനും എംഡി ഡോ. എസ്.കെ. സനിലും ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. ഈ സാമ്പത്തിക വർഷം ഡിവിഡന്റ്, ഗ്യാരന്റി കമ്മീഷൻ ഇനങ്ങളിലായി ആകെ 235 കോടി രൂപയാണ് കെഎസ്എഫ്ഇ ഖജനാവിലേക്ക് നൽകിയത്. ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്.
ചിട്ടി ബിസിനസിലെ കുതിപ്പിന് പുറമെ സ്വർണ്ണപ്പണയ വായ്പകളിലും കെഎസ്എഫ്ഇ വൻ വളർച്ച നേടി. സ്വർണ്ണ വായ്പാ വിതരണം മാത്രം 13,000 കോടി രൂപ കടന്നു. കൂടുതൽ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ‘മിഷൻ വൺ ക്രോർ’ എന്ന പദ്ധതിയിലൂടെ ഇടപാടുകാരുടെ എണ്ണം ഒരു കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന മികവ് പരിഗണിച്ച് കെഎസ്എഫ്ഇയുടെ അംഗീകൃത മൂലധനം 250 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.