മുംബൈ:മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയ ഇനങ്ങളിലായി സർക്കാർ ഖജനാവിലേക്ക് നൽകിയത് 2.10 ലക്ഷം കോടി രൂപ. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ 1.86 ലക്ഷം കോടി രൂപയേക്കാൾ 12.8% അധികം.ആദ്യമായാണ് ഒരുവർഷം റിലയൻസ് ഖജനാവിലേക്ക് അടയ്ക്കുന്ന തുക രണ്ടുലക്ഷം കോടി രൂപ കവിഞ്ഞതും. 2020 മുതൽ 2025 വരെ റിലയൻസ് ഇൻഡസ്ട്രീസ് ആകെ നൽകിയത് 10 ലക്ഷം കോടി രൂപ. ഇത്തരത്തിൽ സർക്കാരിലേക്ക് ഏറ്റവുമധികം തുക അടയ്ക്കുന്ന സ്ഥാപനവും റിലയൻസാണ്.
.കഴിഞ്ഞ10 വർഷത്തിനിടെ റിലയൻസിലെ നിക്ഷേപകർക്കും വൻ വരുമാന വർധനയുണ്ടായി. ഇക്കാലയളവിൽ കമ്പനിയുടെ ഓഹരിവില 5 മടങ്ങ് വർധിച്ചു.
∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 10 വർഷം മുൻപ് 3.38 ലക്ഷം കോടി രൂപയായിരുന്നത് 17.25 ലക്ഷം കോടി രൂപയിലെത്തി; വർധന 5 മടങ്ങ്.
∙ ഇക്കാലയളവിൽ കമ്പനിയുടെ ആകെ വരുമാനം 3.65 ഇരട്ടി വർധിച്ചപ്പോൾ വാർഷിക ലാഭം 2.72 ഇരട്ടിയായി വർധിച്ചു. 2015–16ൽ 29,861 കോടിയായിരുന്ന ലാഭം 2024–25ൽ 81,309 കോടിയായി.
ശമ്പളം വേണ്ടെന്നുവെച്ചെങ്കിലും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സമ്പത്ത് കൂടുകയാണ്. 9.10 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അഞ്ച് വർഷമായി ശമ്പളം വേണ്ടെന്നുവെച്ചെങ്കിലും കൈവശമുള്ള റിലയൻസ് ഓഹരികളിൽ നിന്ന് ലാഭവിഹിതത്തിലൂടെയും മറ്റും കോടികളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്
റിലയൻസിന്റെ 1.61 കോടി ഓഹരികളാണ് മുകേഷ് അംബാനി കൈവശംവെച്ചിരിക്കുന്നത്. 8.85 കോടിയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഇതിൽ നിന്നുള്ള ലാഭവിഹിതം മാത്രം. പ്രമോട്ടർ കമ്പനി വഴി റിലയൻസിന്റെ 664.5 കോടി ഓഹരികളും കൈവശമുണ്ട്. 3,665 കോടി രൂപയാണ് ഇതിൽ നിന്നുള്ള വരുമാനം. .