ന്യൂഡൽഹി: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രാക്കിലിറങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മറ്റ് ട്രെയിനുകളിൽ നിലവിലുള്ള ആർഎസി (Reservation Against Cancellation), വെയ്റ്റ്ലിസ്റ്റ് ടിക്കറ്റ് സംവിധാനങ്ങൾ വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാകില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. കൺഫേംഡ് ടിക്കറ്റുള്ളവർക്ക് മാത്രമേ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കൂ. സീറ്റുകൾ പങ്കിട്ടുള്ള യാത്ര ഒഴിവാക്കി യാത്രക്കാർക്ക് പരമാവധി സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും വന്ദേഭാരത് സ്ലീപ്പർ റെക്കോർഡിടുകയാണ്. നിലവിലെ പ്രീമിയം ട്രെയിനായ രാജധാനി എക്സ്പ്രസിനേക്കാൾ ഉയർന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് നിശ്ചയിച്ചിരിക്കുന്നത്. 400 കിലോമീറ്ററാണ് മിനിമം ചാർജ് ദൂരമായി നിശ്ചയിച്ചിട്ടുള്ളത്. അതായത്, ഇതിൽ കുറഞ്ഞ ദൂരമാണ് യാത്ര ചെയ്യുന്നതെങ്കിലും 400 കിലോമീറ്ററിന്റെ തുക നൽകേണ്ടി വരും. തേർഡ് എസിയിൽ കിലോമീറ്ററിന് 2.4 രൂപയും സെക്കൻഡ് എസിയിൽ 3.1 രൂപയും ഫസ്റ്റ് എസിയിൽ 3.8 രൂപയുമാണ് അടിസ്ഥാന നിരക്ക്. ഇത് രാജധാനിയുടെ നിരക്കിനേക്കാൾ 10 മുതൽ 15 ശതമാനം വരെ കൂടുതലാണ്.
ഭക്ഷണം ഉൾപ്പെടെയുള്ള നിരക്കുകൾ വരുമ്പോൾ യാത്രക്കാർക്ക് വലിയൊരു തുക ടിക്കറ്റിനായി ചിലവാക്കേണ്ടി വരും. 1000 കിലോമീറ്റർ ദൂരത്തിന് തേർഡ് എസിയിൽ ഏകദേശം 2400 രൂപയും സെക്കൻഡ് എസിയിൽ 3100 രൂപയും ഫസ്റ്റ് എസിയിൽ 3800 രൂപയുമായിരിക്കും നിരക്ക്. വേഗതയുടെ കാര്യത്തിൽ രാജധാനിയെക്കാൾ മുന്നിലാണെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണ യാത്രക്കാർക്ക് വലിയ ഭാരമാകുമെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഗുവാഹത്തി-ഹൗറ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.