സാൻ ഫ്രാൻസിസ്കോ: ആഗോള സ്മാർട്ട്ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അൾട്രയെക്കുറിച്ചുള്ള പുത്തൻ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി സാംസങ് പിന്തുടരുന്ന 45W ചാർജിംഗ് വേഗതയ്ക്ക് ഇത്തവണ അറുതിയാകുമെന്നാണ് സൂചന. പുതിയ റിപ്പോർട്ടുകൾ പ്രകാരം എസ്26 അൾട്രയിൽ 60W ഫാസ്റ്റ് ചാർജിംഗ് സംവിധാനമായിരിക്കും ഉൾപ്പെടുത്തുക. സാംസങ്ങിന്റെ ആഭ്യന്തര പരിശോധനകളിൽ വെറും 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 75 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് പ്രമുഖ ടിപ്സ്റ്ററായ ഐസ് യൂണിവേഴ്സ് വെളിപ്പെടുത്തി.
ചാർജിംഗ് വേഗതയ്ക്ക് പുറമെ ലോഞ്ച് തീയതിയിലും സാംസങ് ഇത്തവണ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. സാധാരണയായി ജനുവരിയിൽ നടക്കാറുള്ള ‘ഗാലക്സി അൺപാക്ക്ഡ്’ ഇവന്റ് ഇത്തവണ ഫെബ്രുവരി 25-ലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ചില സാങ്കേതിക കാരണങ്ങളാൽ വിപണിയിലെത്താൻ വീണ്ടും വൈകുമെന്നും മാർച്ച് 13-ഓടെ മാത്രമേ ഉപഭോക്താക്കൾക്ക് ഫോൺ കയ്യിൽ ലഭിക്കൂ എന്നും സൂചനയുണ്ട്. ഗാലക്സി എസ്26 സീരീസിനൊപ്പം കൂടുതൽ കരുത്തുറ്റ ഒരു ‘അൾട്രാ സ്ലിം’ മോഡൽ കൂടി സാംസങ് ഇത്തവണ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റായിരിക്കും എസ്26 അൾട്രയ്ക്ക് കരുത്തേകുക. 3nm ആർക്കിടെക്ചറിൽ നിർമ്മിച്ച ഈ പ്രോസസർ മികച്ച പെർഫോമൻസിനൊപ്പം ബാറ്ററി ലാഭിക്കാനും സഹായിക്കും. 200 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം മെച്ചപ്പെടുത്തിയ ടെലിഫോട്ടോ ലെൻസുകളും എഐ ഫീച്ചറുകളും ഫോണിലുണ്ടാകും. എന്നാൽ, മെമ്മറി ഉൽപാദന ചെലവ് വർധിച്ചതിനാൽ മുൻ മോഡലുകളെ അപേക്ഷിച്ച് എസ്26 സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ടെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.