Blog Post

Karanavars > News > Keralam > മാതൃകയായി പൊന്മുടി പോലീസ്; റോഡരികിൽ പരിക്കേറ്റു കിടന്ന കുരങ്ങിന് തുണയായി
മാതൃകയായി പൊന്മുടി പോലീസ്;

മാതൃകയായി പൊന്മുടി പോലീസ്; റോഡരികിൽ പരിക്കേറ്റു കിടന്ന കുരങ്ങിന് തുണയായി

പൊന്മുടി: പൊന്മുടി-കല്ലാർ റോഡിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് രക്ഷകരായി പൊന്മുടി പോലീസ്. റോഡിലെ 19-ാം വളവിനു സമീപം കുരങ്ങ് അവശനായി കിടക്കുന്നത് കണ്ട ഒരു ബൈക്ക് യാത്രക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം കുരങ്ങിന് പ്രാഥമിക ശുശ്രൂഷ നൽകി മാതൃകയായി.

പൊന്മുടി ഭാഗത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന എസ്‌ഐ ഗോപൻ, സി.പി.ഒ രഞ്ജിത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുരങ്ങിന്റെ വായയിലും കൈകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. പോലീസുകാർ വാഹനത്തിൽ കരുതിയിരുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഉപയോഗിച്ച് മുറിവുകൾ വൃത്തിയാക്കുകയും കുരങ്ങിന് വെള്ളവും ഭക്ഷണവും നൽകുകയും ചെയ്തു. ഏകദേശം രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളാണെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് പോലീസ് പാലോട് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി കുരങ്ങിനെ ഏറ്റെടുക്കുകയും ചെയ്തു. വനംവകുപ്പിന്റെ പരിചരണത്തിൽ കുരങ്ങ് സുഖം പ്രാപിച്ചു വരികയാണ്. മറ്റ് കുരങ്ങുകളുടെ ആക്രമണമാണോ അതോ ഷോക്കേറ്റതാണോ മുറിവിന് കാരണമെന്ന് പരിശോധിച്ചു വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസിന്റെ ഈ കാരുണ്യപ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *