ലണ്ടൻ/ന്യൂഡൽഹി: ആഗോള ഭക്ഷ്യോൽപ്പന്ന ഭീമനായ നെസ്‌ലെ (Nestlé) തങ്ങളുടെ ചില ബേബി ഫുഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. കുട്ടികൾക്ക് നൽകുന്ന പോഷകാഹാര ഉൽപ്പന്നങ്ങളിൽ വിഷാംശത്തിന്റെ (Toxin) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി. ബ്രിട്ടൻ, അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിപണികളിലാണ് നിലവിൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചിരിക്കുന്നത്. സെറുലൈഡ് (Cereulide) എന്ന വിഷാംശത്തിന്റെ സാന്നിധ്യമാണ് ഉൽപ്പന്നങ്ങളിൽ സംശയിക്കുന്നത്.
നെസ്‌ലെയുടെ പ്രമുഖ ബ്രാൻഡുകളായ NAN, SMA, BEBA തുടങ്ങിയവയുടെ പ്രത്യേക ബാച്ചുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബാസിലസ് സെറിയസ് (Bacillus cereus) എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന സെറുലൈഡ് എന്ന വിഷാംശം കുട്ടികളിൽ കഠിനമായ ഛർദ്ദി, വയറുവേദന, ഓക്കാനം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തിളപ്പിച്ച വെള്ളത്തിൽ തയ്യാറാക്കിയാലും ഈ വിഷാംശം നശിക്കില്ല എന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഒരു പ്രമുഖ വിതരണക്കാരൻ നൽകിയ അസംസ്കൃത വസ്തുക്കളിലെ ഗുണനിലവാര പ്രശ്നമാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് നെസ്‌ലെ വക്താവ് വ്യക്തമാക്കി.
നിലവിൽ മുൻകരുതൽ എന്ന നിലയിലാണ് കമ്പനി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എങ്കിലും നിർദ്ദിഷ്ട ബാച്ച് നമ്പറിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങിയവർ അത് കുഞ്ഞുങ്ങൾക്ക് നൽകരുതെന്നും തിരിച്ചേൽപ്പിച്ച് പണം കൈപ്പറ്റണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഉൽപ്പന്നങ്ങളെ ഇത് ബാധിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.