ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസിന് തയ്യാറെടുക്കുന്നു. പരിസ്ഥിതി സൗഹൃദമായ ഈ ഗ്രീൻ ട്രെയിനിന്റെ അന്തിമ പരീക്ഷണയോട്ടം വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26) നടക്കും. ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് പാതയിലാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ ഓടിക്കുക. ഡീസലിന് പകരം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിലൂടെ പൂർണ്ണമായും മലിനീകരണമില്ലാത്ത യാത്രയാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്.
‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. വെള്ളവും നീരാവിയും മാത്രമാണ് ഈ ട്രെയിനിൽ നിന്ന് പുറന്തള്ളപ്പെടുക എന്നതിനാൽ ഇത് ആഗോളതാപനം കുറയ്ക്കാൻ വലിയ സഹായകമാകും. നിലവിലുള്ള ഡീസൽ എൻജിനുകളെ ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലേക്ക് മാറ്റുന്ന സങ്കീർണ്ണമായ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ രാജ്യത്തെ റെയിൽവേ വിപ്ലവത്തിന്റെ മുഖമായി മാറും.
ആദ്യ ഘട്ടത്തിൽ എട്ട് പൈലറ്റ് പദ്ധതികളാണ് ഹൈഡ്രജൻ ട്രെയിനിന്റെ ഭാഗമായി റെയിൽവേ ലക്ഷ്യമിടുന്നത്. ഹരിയാനയ്ക്ക് പുറമെ ഹിമാചൽ പ്രദേശിലെ കാല്ക-ഷിംല റൂട്ട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലും ഉടൻ തന്നെ ഈ സർവീസുകൾ ആരംഭിക്കും. ജനുവരി 26-ന് നടക്കുന്ന പരീക്ഷണയോട്ടം വിജയകരമാകുന്നതോടെ രാജ്യത്തെ കൂടുതൽ റെയിൽവേ പാതകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.