മലയാള സിനിമയിൽ നടനായും പ്രൊഡക്ഷൻ കൺട്രോളറായും ദീർഘകാലം സജീവമായിരുന്ന കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി 11.40-ഓടെയാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത സംവിധായകനും നടനുമായ മേജർ രവി അദ്ദേഹത്തിന്റെ സഹോദരനാണ്. മരണവിവരം മേജർ രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സിനിമാ ലോകത്തെ അറിയിച്ചത്.
രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് അണിയറയിലും അരങ്ങിലും ഒരുപോലെ സജീവമായിരുന്നു കണ്ണൻ പട്ടാമ്പി. പുലിമുരുകൻ, ഒടിയൻ, കീർത്തിചക്ര, വെട്ടം, കുരുക്ഷേത്ര, 12ത് മാൻ തുടങ്ങി ഇരുപത്തിമൂന്നോളം ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ ഷാജി കൈലാസ്, സന്തോഷ് ശിവൻ, വി.കെ. പ്രകാശ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയാണ്. പരേതരായ കുട്ടിശങ്കരൻ – സത്യഭാമ ദമ്പതികളുടെ മകനാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് നാല് മണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ നടക്കും.