Blog Post

Karanavars > News > Court > ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: മൂന്നര പതിറ്റാണ്ടിന് ശേഷം ഇന്ന് വിധി.
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്;

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: മൂന്നര പതിറ്റാണ്ടിന് ശേഷം ഇന്ന് വിധി.

​തിരുവനന്തപുരം: മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായ ആന്റണി രാജു പ്രതിയായ പ്രമാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. 1990-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ 36 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെ കൂടാതെ കോടതി ജീവനക്കാരനായിരുന്ന എസ്. ജോസാണ് കേസിലെ മറ്റൊരു പ്രതി.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷുമായി പിടിയിലായ ആൻഡ്രൂ സാൽവദോർ സെർവെല്ലി എന്ന ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസിനാധാരമായ സംഭവം. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിത്തയ്ച്ച് ചെറുതാക്കി എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ മാറ്റം കാരണം അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കണ്ട് ഹൈക്കോടതി വിദേശിയെ വെറുതെ വിട്ടിരുന്നു.

വർഷങ്ങളോളം നിയമക്കുരുക്കുകളിൽ പെട്ടു കിടന്ന കേസിൽ, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്നത് ആന്റണി രാജുവിന്റെ എം.എൽ.എ സ്ഥാനത്തെയും രാഷ്ട്രീയ ഭാവിയെയും ബാധിച്ചേക്കാം എന്നതിനാൽ ഇന്നത്തെ വിധി ഏറെ നിർണായകമാണ്.

Leave a comment

Your email address will not be published. Required fields are marked *