Blog Post

Karanavars > News > latest news > മാലിന്യത്തിൽ നിന്ന് മാധുര്യത്തിലേക്ക്; തൃശൂർ എംപ്ലോയ്‌മെന്റ് ഓഫീസ് ഇനി ഒരു ഫലവൃക്ഷത്തോട്ടം
മാലിന്യത്തിൽ നിന്ന് മാധുര്യത്തിലേക്ക്;

മാലിന്യത്തിൽ നിന്ന് മാധുര്യത്തിലേക്ക്; തൃശൂർ എംപ്ലോയ്‌മെന്റ് ഓഫീസ് ഇനി ഒരു ഫലവൃക്ഷത്തോട്ടം

തൃശൂർ: ഔദ്യോഗിക ഫയലുകൾക്കിടയിലും മണ്ണറിഞ്ഞ് പ്രവർത്തിച്ച ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ പ്രയത്നത്താൽ തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ മുഖച്ഛായ മാറുന്നു. ഒരിക്കൽ ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞുകിടന്നിരുന്ന ഓഫീസിന്റെ പിൻഭാഗവും വശങ്ങളുമാണ് ഇന്ന് നൂറുമേനി വിളവ് നൽകുന്ന ഫലവൃക്ഷത്തോട്ടമായി മാറിയിരിക്കുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തതോടെ ഒരു സർക്കാർ ഓഫീസ് എങ്ങനെ ഹരിതാഭമാക്കാം എന്നതിന്റെ ഉത്തമ മാതൃകയാവുകയാണ് ഈ സ്ഥാപനം.

പാലസ് റോഡിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കെട്ടിടം നവീകരിച്ചപ്പോൾ റോഡരികിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗം പിന്നീട് മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരുന്നു. ഇത് തടയുന്നതിനും ഓഫീസിലെത്തുന്നവർക്ക് കുളിർമയേകുന്ന ഒരിടം ഒരുക്കുന്നതിനുമായി 2020-ലാണ് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. വിദേശയിനം പഴവർഗ്ഗങ്ങൾ മുതൽ നാടൻ മാവും പ്ലാവും വരെ ഇന്ന് ഈ കുഞ്ഞു തോട്ടത്തിലുണ്ട്. സപ്പോട്ട, വിവിധയിനം മാവുകൾ, ഫ്ലവർ പ്ലാന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ഇന്ന് ഈ ഓഫീസ് വളപ്പ്.

​സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഷാജു ലോനപ്പന്റെ പ്രത്യേക താൽപ്പര്യമാണ് ഈ വലിയ മാറ്റത്തിന് പിന്നിൽ. ഓഫീസിലെ ജോലിത്തിരക്കുകൾക്കിടയിലും ചെടികൾ നനയ്ക്കാനും വളമിടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓഫീസിലെത്തുന്ന ഉദ്യോഗാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഈ തോട്ടം മനോഹരമായ ഒരു കാഴ്ചയാണ്. മറ്റ് സർക്കാർ ഓഫീസുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അനുകരിക്കാവുന്ന വലിയൊരു മാതൃകയാണ് തൃശൂർ എംപ്ലോയ്‌മെന്റ് ഓഫീസ് മുന്നോട്ടുവെക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *