ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. പ്രമുഖ ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമായ റെയ്ഹാന്റെ വധു ഡൽഹി സ്വദേശിനിയായ അവിവ ബെയ്ഗ് ആണ്. ദീർഘകാല സുഹൃത്തുക്കളായ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രൺതംബോറിൽ വെച്ച് അതീവ രഹസ്യമായി നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി റെയ്ഹാനും അവിവയും പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദമാണ് വിവാഹ ആലോചനയിലേക്ക് വഴിമാറിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവ ബെയ്ഗ്. ദേശീയ തലത്തിൽ ഫുട്ബോൾ താരമായും തിളങ്ങിയിട്ടുള്ള അവിവ, ‘അറ്റലിയർ 11’ എന്ന ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെ സഹസ്ഥാപക കൂടിയാണ്. കലാ-സാംസ്കാരിക മേഖലകളോടുള്ള താല്പര്യമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്.
രാജസ്ഥാനിലെ പ്രശസ്തമായ റിസോർട്ടിൽ വെച്ച് നടന്ന നിശ്ചയ ചടങ്ങുകളിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. പുതുവത്സരാഘോഷങ്ങൾക്കായി ഗാന്ധി കുടുംബം രൺതംബോറിൽ എത്തിയ വേളയിലാണ് ഈ സന്തോഷ വാർത്തയും പുറത്തുവരുന്നത്. വരും മാസങ്ങളിൽ തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രീയ കുടുംബത്തിലെ പുതിയ വിശേഷം സോഷ്യൽ മീഡിയയിലും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.