Blog Post

Karanavars > News > Keralam > ​എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോർപറേഷൻ കെട്ടിടം?; വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥൻ.
​എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോർപറേഷൻ കെട്ടിടം?;

​എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോർപറേഷൻ കെട്ടിടം?; വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥൻ.

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.എസ് ശബരിനാഥൻ. ശാസ്തമംഗലം വാർഡിലെ പുതിയ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും എംഎൽഎയും തമ്മിലുള്ള ഓഫീസ് തർക്കത്തിനിടെയാണ് ശബരിനാഥൻ വി.കെ പ്രശാന്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നും അവിടെ എംഎൽഎക്ക് സ്വന്തമായി രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ശബരിനാഥൻ ചൂണ്ടിക്കാട്ടി.

നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിലെ നില ബ്ലോക്കിൽ 31, 32 എന്നീ രണ്ട് മുറികൾ വി.കെ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകൾ ഉദ്ധരിച്ച് ശബരിനാഥൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. കമ്പ്യൂട്ടറും പാർക്കിംഗും ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും സർക്കാർ സൗജന്യമായി അവിടെ നൽകുന്നുണ്ട്. ജനങ്ങൾക്ക് എത്താൻ ഏറ്റവും എളുപ്പമുള്ള സ്ഥലമായിട്ടും അത് എംഎൽഎ ഓഫീസ് ആയി ഉപയോഗിക്കാതെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിനായി വാശിപിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലത്തിൽ വാടകക്കെട്ടിടത്തിലാണ് ഓഫീസ് നടത്തുന്നത്, എന്നാൽ വി.കെ പ്രശാന്തിന് ഹോസ്റ്റൽ മണ്ഡലത്തിൽ തന്നെ ലഭിച്ചിട്ടും അത് ഉപയോഗിക്കുന്നില്ലെന്ന് ശബരിനാഥൻ വിമർശിച്ചു.

ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ തന്റെ ഓഫീസിന് സ്ഥലമില്ലെന്ന് പറഞ്ഞ് പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ അഭ്യർത്ഥിച്ചതോടെയാണ് വിവാദം തുടങ്ങിയത്. എന്നാൽ 2026 മാർച്ച് വരെ കരാർ ഉണ്ടെന്നും ഓഫീസ് ഒഴിയില്ലെന്നുമായിരുന്നു വി.കെ പ്രശാന്തിന്റെ നിലപാട്. മണ്ഡലത്തിന്റെ ഹൃദയഭാഗമായതിനാലാണ് ശാസ്തമംഗലത്ത് തന്നെ ഓഫീസ് നിലനിർത്തുന്നതെന്ന് എംഎൽഎ വിശദീകരിക്കുന്നു. എന്നാൽ സർക്കാർ സംവിധാനം വെറുതെ ഇടുമ്പോൾ കോർപറേഷൻ കെട്ടിടം കൈവശം വെക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഓഫീസ് വിവാദം തലസ്ഥാനത്ത് ഇപ്പോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *