ന്യൂഡൽഹി: സ്കൂൾ-കോളേജ് കാലഘട്ടത്തിൽ കൗതുകത്തിന് ഉണ്ടാക്കിയ ‘കൂൾബോയ്’, ‘ക്രേസി ഗേൾ’ തുടങ്ങിയ ജിമെയിൽ ഐഡികൾ ഓർത്ത് ഇനി വിഷമിക്കേണ്ട. ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരവുമായി ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. നിലവിലുള്ള ഗൂഗിൾ അക്കൗണ്ടിലെ ഡാറ്റകളൊന്നും നഷ്ടപ്പെടാതെ തന്നെ ജിമെയിൽ വിലാസം (Email Address) മാറ്റാൻ സഹായിക്കുന്ന ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കുന്നത്. ഘട്ടം ഘട്ടമായി പുറത്തിറക്കുന്ന ഈ സൗകര്യം ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങി.
പുതിയ ഫീച്ചർ പ്രകാരം ഇമെയിൽ ഐഡി മാറ്റിയാലും പഴയ ഐഡി ഒരു ‘ഏലിയാസ്’ (Alias) ആയി നിലനിൽക്കും. അതായത്, ആരെങ്കിലും നിങ്ങളുടെ പഴയ വിലാസത്തിലേക്ക് മെയിൽ അയച്ചാലും അത് പുതിയ ഇൻബോക്സിലേക്ക് തന്നെ എത്തും. അക്കൗണ്ടിലെ ഫോട്ടോകൾ, കോൺടാക്റ്റുകൾ, ഗൂഗിൾ ഡ്രൈവ് ഫയലുകൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവയ്ക്ക് യാതൊരു മാറ്റവും സംഭവിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോഗിൻ ചെയ്യാനായി പഴയ ഐഡിയും പുതിയ ഐഡിയും ഒരുപോലെ ഉപയോഗിക്കാനും സാധിക്കും.
എങ്കിലും ഈ സൗകര്യത്തിന് ഗൂഗിൾ ചില കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഉപയോക്താവിന് വർഷത്തിൽ ഒരിക്കൽ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ അനുവാദമുണ്ടാകൂ. ഒരാൾക്ക് തന്റെ അക്കൗണ്ട് കാലാവധിക്കുള്ളിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ സാധിക്കൂ. ഒരിക്കൽ മാറ്റം വരുത്തിയാൽ അടുത്ത 12 മാസത്തേക്ക് വീണ്ടും മാറ്റാനോ പുതിയ ഐഡി ഡിലീറ്റ് ചെയ്യാനോ കഴിയില്ല. ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിലെ ‘പേഴ്സണൽ ഇൻഫോ’ (Personal Info) എന്ന വിഭാഗത്തിൽ പോയി ഈ മാറ്റം വരുത്താനാകുമോ എന്ന് ഉപയോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്.