ന്യൂ ജേഴ്സി: അമേരിക്കയിലെ ന്യൂ ജേഴ്സിയിലുള്ള ഗാർഫീൽഡ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായി ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റൊ എന്ന അത്യാധുനിക സൂപ്പർ കാർ എത്തി. ഏകദേശം 3 ലക്ഷം ഡോളറിലധികം (ഏകദേശം 2.5 കോടി രൂപ) വിലമതിക്കുന്ന ഈ വാഹനം കണ്ട് കുറ്റവാളികളെ പിന്തുടരാനുള്ള വേഗതയേറിയ വണ്ടിയാണെന്ന് കരുതിയെങ്കിൽ തെറ്റി. ഈ വാഹനത്തിന്റെ ലക്ഷ്യം കുറ്റവാളികളെ പിടികൂടലല്ല, മറിച്ച് സമൂഹത്തിന് ഗുണകരമായ ഒരു വലിയ സന്ദേശം എത്തിക്കുക എന്നതാണ്.
സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്ന ‘ഒപിയോയിഡ്’ (Opioid) മയക്കുമരുന്നിന്റെ അമിത ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ലംബോർഗിനിയെ പോലീസ് സേനയുടെ ഭാഗമാക്കിയത്. മയക്കുമരുന്ന് അടിമത്തത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകാനും ലഹരിക്ക് അടിമപ്പെട്ടവരെ സഹായിക്കാനുമാണ് ഈ കാർ ഉപയോഗിക്കുന്നത്. ഇതിനായി ‘ഔട്ട്‌റൺ ഒപിയോയിഡ്‌സ്’ (Outrun Opioids) എന്ന പേരിൽ പ്രത്യേക പദ്ധതിയും പോലീസ് ആരംഭിച്ചിട്ടുണ്ട്. സാധാരണ പോലീസ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനശ്രദ്ധ ആകർഷിക്കാനും ലഹരിവിരുദ്ധ സന്ദേശങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ഈ സൂപ്പർ കാർ സഹായിക്കുന്നു.
ലംബോർഗിനി പരാമസ് എന്ന ഡീലർഷിപ്പിൽ നിന്നും സൗജന്യമായി ലോൺ എടുത്താണ് പോലീസ് ഈ വാഹനം ഉപയോഗിക്കുന്നത്. ഇതിനായി നികുതിപ്പണമൊന്നും ചിലവഴിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന് മുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് (QR Code) സ്‌കാൻ ചെയ്താൽ മയക്കുമരുന്ന് വിമുക്ത ചികിത്സയ്ക്കും കൗൺസിലിംഗിനുമുള്ള സഹായങ്ങൾ നേരിട്ട് ലഭ്യമാകും. പട്രോളിംഗിന് പകരം സ്കൂളുകളിലെ പരിപാടികളിലും മറ്റ് സാമൂഹിക കൂടിച്ചേരലുകളിലുമായിരിക്കും ഈ ലംബോർഗിനി എത്തുക. 2026 ജൂൺ വരെ ഈ വാഹനം സേനയുടെ ഭാഗമായി തുടരും.