Blog Post

Karanavars > News > Doctor > റോഡരികിൽ അപ്രതീക്ഷിത ശസ്ത്രക്രിയ; മാലാഖമാരായി ഡോക്ടർമാർ.
റോഡരികിൽ അപ്രതീക്ഷിത ശസ്ത്രക്രിയ;

റോഡരികിൽ അപ്രതീക്ഷിത ശസ്ത്രക്രിയ; മാലാഖമാരായി ഡോക്ടർമാർ.

കൊച്ചി ഉദയംപേരൂർ വലിയകുളത്തിന് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സിനിമാക്കഥയെ വെല്ലുന്ന ആ രക്ഷാപ്രവർത്തനം നടന്നത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ പോലും കഴിയാതെ മരണാസന്നനായി റോഡിൽ കിടന്ന കൊല്ലം സ്വദേശി ലിനുവിനാണ് മൂന്ന് യുവ ഡോക്ടർമാർ രക്ഷകരായത്. ശ്വാസനാളം മണ്ണും രക്തവും കൊണ്ട് തടസ്സപ്പെട്ട് ലിനുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് അതുവഴി വന്ന ഡോക്ടർമാർ ഇടപെടുന്നത്.

​കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപ്, കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ. തോമസ് എന്നിവരാണ് ഈ സാഹസിക ദൗത്യത്തിന് നേതൃത്വം നൽകിയത്. ആശുപത്രിയിലെത്തിക്കാൻ കാത്തുനിന്നാൽ ജീവൻ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ നടുറോഡിൽ വെച്ച് തന്നെ അടിയന്തര ശസ്ത്രക്രിയ (Surgical Cricothyrotomy) ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ആധുനിക സജ്ജീകരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ നാട്ടുകാർ നൽകിയ ഷേവിംഗ് ബ്ലേഡും ഒരു ജ്യൂസ് സ്ട്രോയും ഉപയോഗിച്ചാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ ശ്വാസനാളത്തിലേക്ക് കടത്തിവിട്ട് അവർ ശ്വാസോച്ഛ്വാസം പുനഃസ്ഥാപിച്ചു. മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയ ഈ അടിയന്തര ഇടപെടലിന് ശേഷം ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ ഈ സമയോചിതമായ ഇടപെടലിനെ സോഷ്യൽ മീഡിയയും പൊതുസമൂഹവും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *