മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ അതിശൈത്യത്തിന്റെ പിടിയിൽ. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് ഇന്ന് മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തി. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നീ എസ്റ്റേറ്റ് മേഖലകളിലാണ് താപനില പൂജ്യത്തിലെത്തിയത്. മൂന്നാർ ടൗണിൽ പുലർച്ചെ 1.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഡിസംബർ പകുതി കഴിഞ്ഞതോടെ തണുപ്പ് കടുക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താപനില കുത്തനെ താഴോട്ട് പോയിരിക്കുന്നത്.
മലനിരകളും പുൽമേടുകളും മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ള പുതച്ച നിലയിലാണ്. ദേവികുളം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പുലർച്ചെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലും പുല്ലുകൾക്കിടയിലും ഐസ് പാളികൾ രൂപപ്പെട്ടു. തണുപ്പ് കടുത്തതോടെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും കടുത്ത പ്രയാസത്തിലാണ്. വരും ദിവസങ്ങളിൽ താപനില മൈനസിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
മൂന്നാറിലെ അതിശൈത്യം ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് – പുതുവത്സര അവധിക്കാലമായതിനാൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം മൂന്നാറിലേക്ക് എത്തുന്നത്. അതിരാവിലെ പുൽമേടുകളിൽ മഞ്ഞ് വീണുകിടക്കുന്ന കാഴ്ച കാണാൻ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സഞ്ചാരികൾ കൂട്ടമായി എത്തുന്നുണ്ട്. തണുപ്പ് വർധിച്ചത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിയിരിക്കുകയാണ്.