Blog Post

Karanavars > News > ElephantAttack > അസമിൽ വൻ ട്രെയിൻ അപകടം: രാജധാനി എക്സ്പ്രസ് ഇടിച്ച് 8 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി
അസമിൽ വൻ ട്രെയിൻ അപകടം;

അസമിൽ വൻ ട്രെയിൻ അപകടം: രാജധാനി എക്സ്പ്രസ് ഇടിച്ച് 8 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി

ദിസ്‌പൂർ: അസമിലെ ഹോജായ് ജില്ലയിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾക്ക് ദാരുണാന്ത്യം. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 2.17 ഓടെയാണ് സംഭവം നടന്നത്. മിസോറാമിലെ സൈരംഗിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം ട്രാക്കിൽ നിന്നിരുന്ന ആനക്കൂട്ടത്തെ ലോക്കോ പൈലറ്റ് കണ്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.

റെയിൽവേ പാളത്തിലൂടെ കടന്നുപോവുകയായിരുന്നു നൂറോളം വരുന്ന ആനക്കൂട്ടത്തിന് ഇടയിലേക്കാണ് ട്രെയിൻ ഇടിച്ചുകയറിയത്. ഏഴ് ആനകൾ സംഭവസ്ഥലത്ത് വെച്ചും ഒരെണ്ണം ചികിത്സയിലിരിക്കെയും ചരിഞ്ഞു. ആനകളെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ട്രെയിനിലെ യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR) വക്താവ് അറിയിച്ചു. ലുംഡിങ് റെയിൽവേ ഡിവിഷനിലെ ജമുനാമുഖ് – കാംപൂർ സെക്ഷനിലാണ് അപകടം നടന്നത്.

അപകടത്തെത്തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കി ബാക്കിയുള്ളവയുമായി ട്രെയിൻ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും പുതിയ കോച്ചുകൾ ഘടിപ്പിച്ച് യാത്ര തുടരാനാണ് അധികൃതരുടെ തീരുമാനം. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും ചേർന്ന് ചരിഞ്ഞ ആനകളുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. മേഖലയിൽ റെയിൽവേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്.

Leave a comment

Your email address will not be published. Required fields are marked *