Blog Post

Karanavars > News > crime > റിട്ടയേർഡ് അധ്യാപികയുടെ മരണം: മൃതദേഹത്തിൽ മാരകമായ മുറിവുകൾ; കൊച്ചിയിൽ നടുക്കം
റിട്ടയേർഡ് അധ്യാപികയുടെ മരണം;

റിട്ടയേർഡ് അധ്യാപികയുടെ മരണം: മൃതദേഹത്തിൽ മാരകമായ മുറിവുകൾ; കൊച്ചിയിൽ നടുക്കം

കൊച്ചി: നഗരത്തെ നടുക്കി റിട്ടയേർഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷൻ പരിധിയിൽ താമസിക്കുന്ന വനജ (70) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അധ്യാപിക ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

അധ്യാപികയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ കണ്ടെത്തിയത് കൊലപാതകമെന്ന സംശയത്തിന് ബലം നൽകുന്നു. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിപ്പാടുകൾ ഉണ്ടെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായതിനാൽ മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തി പോലീസ് കണ്ടെടുത്തു.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Leave a comment

Your email address will not be published. Required fields are marked *