Blog Post

Karanavars > News > Death > വാളയാറിൽ ആൾക്കൂട്ട ക്രൂരത; കള്ളനെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
വാളയാറിൽ ആൾക്കൂട്ട ക്രൂരത;

വാളയാറിൽ ആൾക്കൂട്ട ക്രൂരത; കള്ളനെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശിയായ രാംനാരായൺ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെക്കുകയും മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രാംനാരായണനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ആൾക്കൂട്ട വിചാരണയ്ക്കിടെ മരത്തടികളും മറ്റും ഉപയോഗിച്ച് ഇയാളെ അതിക്രൂരമായി തല്ലിച്ചതച്ചു. മർദ്ദനമേറ്റ് ചോര തുപ്പി അവശനായ ഇയാളെ ഒന്നര മണിക്കൂറോളം റോഡിൽ തന്നെ ഉപേക്ഷിച്ചു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വാളയാർ സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച രാംനാരായണന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a comment

Your email address will not be published. Required fields are marked *