മുംബൈ: മുംബൈയിലെ പ്രശസ്തമായ ബാന്ദ്ര-വർളി സീ ലിങ്കിൽ മണിക്കൂറിൽ 252 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി ഓടിച്ച് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വേഗപരിധി 80 കിലോമീറ്റർ മാത്രമുള്ള പാതയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി ആഡംബര കാർ ചീറിപ്പാഞ്ഞത്. കാറിന്റെ സ്പീഡോമീറ്ററിൽ 252 കിലോമീറ്റർ വേഗത കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മുംബൈ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കാർ ഡീലറായ ഫൈസ് അദൻവാലയാണ് വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദ് സ്വദേശിയായ നീരവ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹരിയാന രജിസ്ട്രേഷനിലുള്ള ഈ മഞ്ഞ ലംബോർഗിനി ഉറൂസ് (Urus). ഡിസംബർ 12-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് വാഹനങ്ങളെ അപകടകരമായ രീതിയിൽ വെട്ടിച്ച് അതിവേഗത്തിൽ പോകുന്ന ദൃശ്യങ്ങൾ ഡ്രൈവർ തന്നെയായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ എക്സ് (X) പ്ലാറ്റ്ഫോം വഴി പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ മുംബൈ പൊലീസ് ലംബോർഗിനി പിടിച്ചെടുക്കുകയും വർളി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇതേ വാഹനം നേരത്തെയും പലതവണ വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.