കൊച്ചി: സ്കൂൾ മുറ്റത്ത് നായയും പൂച്ചയും മുയലും കോഴിയുമൊക്കെ അണിനിരക്കുന്ന പെറ്റ് ഷോ സാധാരണ കാഴ്ചയാണ്. എന്നാൽ കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് അന്തംവിട്ടുപോയി. തങ്ങളുടെ സഹപാഠിയായ വിനായകനും സഹോദരങ്ങളും തങ്ങളുടെ ‘വളർത്തുമൃഗമായി’ സ്കൂളിലേക്ക് കൊണ്ടുവന്നത് മറ്റാരെയുമല്ല, സാക്ഷാൽ ‘കളിയാർമഠം രാജശേഖരൻ’ എന്ന ഗജവീരനെയാണ്. ഇതോടെ സ്കൂൾ മുറ്റത്തെ പെറ്റ് ഷോ ശരിക്കും ഒരു ഗജമേളയുടെ ആവേശത്തിലേക്ക് വഴിമാറി.
ഈ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ വിനായകൻ, നാലാം ക്ലാസുകാരൻ ദേവനന്ദ്, ഒന്നാം ക്ലാസുകാരൻ ഋഷി എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ആനയെ പ്രദർശനത്തിന് എത്തിച്ചത്. അരൂർ കളിയാർമഠം കുടുംബത്തിലെ ജ്യോത്സ്യനായ സുബീഷിന്റെ മക്കളാണിവർ. ഏകദേശം ആറുമാസം മുൻപാണ് 52 വയസ്സുള്ള രാജശേഖരൻ എന്ന ആനയെ ഈ കുടുംബം വാങ്ങിയത്. കുട്ടികളുമായി വളരെ പെട്ടെന്ന് ഇണങ്ങിയ രാജശേഖരൻ ഇപ്പോൾ ഇവരുടെ ഉറ്റ ചങ്ങാതിയാണ്. സ്കൂളിലെ പെറ്റ് ഷോയെക്കുറിച്ച് അറിഞ്ഞപ്പോൾ തങ്ങളുടെ ചങ്ങാതിയെ കൂടെക്കൂട്ടണമെന്ന കുട്ടികളുടെ വാശിക്ക് മാതാപിതാക്കളും പച്ചക്കൊടി കാട്ടി.
സ്കൂൾ അധികൃതരുടെ മുൻകൂർ അനുമതിയോടെയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ആനയെ സ്കൂളിലെത്തിച്ചത്. രാവിലെ വാഹനത്തിൽ എറണാകുളത്ത് എത്തിച്ച രാജശേഖരനെ പാപ്പാൻ രഞ്ജിത്തിന്റെ സഹായത്തോടെ സ്കൂൾ മൈതാനത്ത് അണിനിരത്തി. ആനയെക്കൂടാതെ കുതിര, ഇഗ്വാന, ഹാംസ്റ്റർ, കടലാമകൾ തുടങ്ങി വൈവിധ്യമാർന്ന ജീവികളും പ്രദർശനത്തിലുണ്ടായിരുന്നു. എന്നാൽ പെറ്റ് ഷോയിലെ താരം രാജശേഖരൻ തന്നെയായിരുന്നു. കൗതുകത്തോടെ ആനയെ തൊട്ടും അരികിൽ നിന്നും സെൽഫിയെടുത്തുമാണ് വിദ്യാർത്ഥികൾ ഈ ദിവസം ആഘോഷമാക്കിയത്.