കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. കോടതി ഇരുപത് വർഷം കഠിനതടവിന് ശിക്ഷിച്ച മാർട്ടിൻ നിലവിൽ ജയിലിലാണെങ്കിലും, നേരത്തെ ജാമ്യത്തിലിറങ്ങിയപ്പോൾ റെക്കോർഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് നടപടി സ്വീകരിച്ചത്.
പ്രചരിക്കുന്ന വീഡിയോയിൽ അതിജീവിതയുടെ പേര് വ്യക്തമായി പറയുന്നതിനൊപ്പം, കേസിൽ കോടതി തള്ളിക്കളഞ്ഞ വാദങ്ങളും ദിലീപിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു. വിധി വന്നതിന് തൊട്ടുപിന്നാലെ അതിജീവിതയ്ക്കെതിരെ സംഘടിതമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഐടി ആക്ട് പ്രകാരവും അതിജീവിതയുടെ സ്വകാര്യത ലംഘിച്ചതിനുമാണ് മാർട്ടിനെതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്.
മാർട്ടിൻ ആന്റണിക്കെതിരെ മാത്രമല്ല, ഇത്തരത്തിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വീഡിയോ പ്രചരിപ്പിച്ചവരുടെ ലിങ്കുകളും വിവരങ്ങളും സൈബർ വിഭാഗം ശേഖരിച്ചുവരികയാണ്. ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.