കഷ്ടപ്പെട്ട് ഉണ്ടാക്കിയ റീലുകൾ ഇനി ആരും ‘അടിച്ചുമാറ്റി’ വ്യൂ ഉണ്ടാക്കില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട്, ഒറിജിനൽ റീൽസുകൾ (Reels) മറ്റുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ മെറ്റ പുതിയ കണ്ടന്റ് പ്രൊട്ടക്ഷൻ ടൂൾ അവതരിപ്പിച്ചു. ഉള്ളടക്കം സൃഷ്ടിച്ച് പോസ്റ്റ് ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നമായ കോപ്പിറൈറ്റ് വയലേഷനുകൾക്ക് പരിഹാരം കാണാനാണ് ഈ നീക്കം. റീലുകൾ കോപ്പിയടിച്ച് സ്വന്തം പേരിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ യഥാർത്ഥ സ്രഷ്ടാവിന് ഉണ്ടാകുന്ന വലിയ നഷ്ടം പുതിയ സംവിധാനം വഴി ഒഴിവാക്കാൻ സാധിക്കും.
ഈ കണ്ടന്റ് പ്രൊട്ടക്ഷൻ ടൂളിന്റെ പ്രവർത്തനത്തിന് പിന്നിൽ, കോപ്പിറൈറ്റ് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ‘റൈറ്റ്സ് മാനേജർ’ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ്. എങ്കിലും, ഇത് റീൽസ് സ്രഷ്ടാക്കൾക്ക് മൊബൈലിൽ എളുപ്പത്തിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്തതാണ്. നിലവിൽ, ഫീച്ചർ ഫെയ്സ്ബുക്ക് മൊബൈൽ ആപ്ലിക്കേഷനിലെ Professional Dashboard വഴിയാണ് ലഭ്യമാകുന്നത്. ‘Content Protection’ എന്ന വിഭാഗത്തിലൂടെ എൻറോൾ ചെയ്യുന്നതോടെ, തുടർന്ന് പോസ്റ്റ് ചെയ്യുന്ന എല്ലാ ഒറിജിനൽ റീൽസുകൾക്കും സംരക്ഷണം ലഭിക്കും. ആരെങ്കിലും റീൽസ് കോപ്പിയടിച്ച് പോസ്റ്റ് ചെയ്താൽ ഉടൻ സ്രഷ്ടാവിന് നോട്ടിഫിക്കേഷൻ ലഭിക്കുകയും തുടർനടപടി സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.
കോപ്പി കണ്ടെത്തിയാൽ സ്രഷ്ടാവിന് മൂന്ന് പ്രധാന കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒന്നാമതായി, കോപ്പിയടിച്ച റീൽസ് ട്രാക്ക് ചെയ്യാനും ഒറിജിനൽ ലിങ്ക് (Original by Attribution) ചേർക്കാനും അവസരമുണ്ട്. രണ്ടാമതായി, കോപ്പിയടിച്ച റീൽസ് ബ്ലോക്ക് ചെയ്യാനും പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യാനും സാധിക്കും. മൂന്നാമതായി, ക്ലെയിം പിൻവലിച്ച് റീൽസ് പ്ലാറ്റ്ഫോമിൽ തുടരാൻ അനുവദിക്കുകയുമാകാം. എന്നാൽ റിയാക്ഷൻ വീഡിയോകൾ (Reaction Videos) പോലുള്ളവ ഈ സംരക്ഷണത്തിന് യോഗ്യമാകില്ല എന്ന് മെറ്റ വ്യക്തമാക്കുന്നു. ഉള്ളടക്കത്തിൽ ‘ഒറിജിനാലിറ്റി’ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്രഷ്ടാക്കൾക്ക് മാത്രമായിരിക്കും നിലവിൽ ഈ ഫീച്ചറിന് പ്രവേശനം ലഭിക്കുക.