ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയിലേക്ക് അടുക്കുമ്പോൾ, മത്സരാർത്ഥിയായ അനുമോൾക്കെതിരെ സഹമത്സരാർത്ഥിയായിരുന്ന ആദില ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. പുറത്തുപോയ മത്സരാർത്ഥികൾ വീണ്ടും ഷോയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഈ വിഷയം ശ്രദ്ധേയമായത്. തനിക്ക് പിആർ (Public Relations) മാനേജരുടെ നമ്പർ നൽകിയിട്ട്, സഹമത്സരാർത്ഥിയായ അക്ബറിനെതിരെ പ്രചാരണം നടത്താൻ അനുമോൾ ആവശ്യപ്പെട്ടു എന്നായിരുന്നു ആദിലയുടെ പ്രധാന വാദം. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഷാനവാസിനോടാണ് അനുമോൾ തൻ്റെ ഭാഗം വ്യക്തമാക്കിയത്.
“ആ നമ്പർ എൻ്റേതാണ്. എൻ്റെയും അച്ഛൻ്റെയും അമ്മയുടെയും നമ്പർ മാത്രമെ എനിക്ക് കാണാതെ അറിയാവൂ. എനിക്കൊരു പിആർ ഉണ്ടെങ്കിൽ അയാളുടെ നമ്പർ ഇവിടെയുള്ളവർക്ക് കൊടുക്കേണ്ട ആവശ്യമില്ല,” അനുമോൾ പറഞ്ഞു. പുറത്തുപോവുന്നതിന് മുൻപ് ആദില തന്നെയാണ് വീട്ടുകാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചത്. താൻ പിആർ നമ്പർ നൽകിയിട്ടില്ലെന്നും, നൽകിയത് തൻ്റെ സ്വന്തം നമ്പർ ആണെന്നും, ആദില അന്ന് അക്ബറിനോട് ദേഷ്യത്തിലായിരുന്നു എന്നും അനുമോൾ കൂട്ടിച്ചേർത്തു. എന്നാൽ, തൻ്റെ ആരോപണത്തിൽ ആദില ഉറച്ചുനിന്നു. നൂറയുമായി സംസാരിക്കവെ ആദില ഇക്കാര്യം വീണ്ടും ആവർത്തിച്ചു. “ഇവളുടെ നമ്പറാണ് അന്ന് തന്നത്. ചേച്ചിടേന്ന് നമ്പർ വാങ്ങിച്ചിട്ട് വിളിച്ച് പറ. ഇവിടെ അക്ബറിനെ വൈറ്റ് വാഷ് ചെയ്യുന്നുണ്ട്. വേണ്ടത് ചെയ്യണം എന്ന്,” ആദില പറയുകയും നൂറ അത് ശരിവെക്കുകയും ചെയ്തു.
അനുമോൾ ചെയ്ത തെറ്റ് അംഗീകരിച്ച ചരിത്രം ഉണ്ടായിട്ടില്ല എന്ന് നൂറ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല എന്നും സത്യം തന്നെയാണ് അക്ബറിനോട് പറഞ്ഞിട്ടുള്ളതെന്നും നൂറ വ്യക്തമാക്കി. ഈ വിവാദം ഇരുപക്ഷത്തെയും ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അക്ബറിനെതിരെ മോശം പ്രചാരണം നടത്താൻ അനുമോൾ ശ്രമിച്ചു എന്ന ആരോപണം ഫിനാലെക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വോട്ടിംഗിനെ ബാധിക്കാൻ സാധ്യതയുണ്ട്. വോട്ടിന് വേണ്ടി നൂറയ്ക്ക് പിആർ കൊടുക്കാൻ 50,000 രൂപ കൊടുക്കാൻ തയ്യാറായിരുന്നു എന്നും അനുമോൾ തന്നോട് പറഞ്ഞതായി ആദില ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ആരാണ് ടോപ് 5-ൽ എത്തുകയെന്ന് ഇന്നോ നാളെയോ അറിയാൻ സാധിക്കും.