ന്യൂഡൽഹി: വിവിധ കാരണങ്ങളാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യ (Air India) നിലനിൽപ്പിനായി ഉടമകളായ ടാറ്റാ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരോട് 10,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ വർഷം ജൂണിൽ ഉണ്ടായ വിമാനാപകടവും (അഹമ്മദാബാദ് ദുരന്തം), പിന്നാലെ വന്ന മേഖലാ യുദ്ധങ്ങളും വ്യോമപാത നിയന്ത്രണങ്ങളും എയർ ഇന്ത്യയുടെ സാമ്പത്തിക നിലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഈ സഹായം തേടുന്നത്. 240-ൽ അധികം ആളുകൾ മരണപ്പെട്ട അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് എയർലൈനിന്റെ സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചില അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി കുറയ്ക്കേണ്ടിവരികയും ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം പാകിസ്ഥാൻ വ്യോമപാത അടച്ചത് എയർ ഇന്ത്യക്ക് വലിയ പ്രവർത്തന നഷ്ടം വരുത്തി. വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നതോടെ ഇന്ധനച്ചെലവ് ക്രമാതീതമായി വർധിച്ചു. ഈ പ്രതിസന്ധി കാരണം ഏകദേശം 4,000 കോടി രൂപയുടെ അധിക നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ നഷ്ടങ്ങൾക്കൊപ്പം, സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, എയർലൈനിന്റെ മുഖച്ഛായ മാറ്റുന്നതിനും, സ്വന്തമായി എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണി വിഭാഗങ്ങൾ സ്ഥാപിക്കുന്നതിനും വേണ്ടിയാണ് എയർ ഇന്ത്യ ഫണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ടാറ്റാ സൺസിന് എയർ ഇന്ത്യയിൽ ഏകദേശം 74.9 ശതമാനം ഓഹരിയുണ്ട്, ബാക്കി സിംഗപ്പൂർ എയർലൈൻസിനാണ്. ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായി സാമ്പത്തിക സഹായം നൽകണമെന്നാണ് എയർ ഇന്ത്യയുടെ ആവശ്യം. ഈ തുക പലിശരഹിത വായ്പയായോ അല്ലെങ്കിൽ പുതിയ ഓഹരി നിക്ഷേപമായോ നൽകുന്നത് പരിഗണനയിലുണ്ട്. അടുത്ത മാർച്ചോടെ നഷ്ടം നികത്തി ലാഭത്തിലാകാനുള്ള എയർ ഇന്ത്യയുടെ ലക്ഷ്യം ഈ പ്രതിസന്ധികളെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എയർ ഇന്ത്യയുടെ ഈ അടിയന്തര അഭ്യർത്ഥനയോട് ഉടമകൾ എങ്ങനെ പ്രതികരിക്കും എന്നതിനെ ആകാംക്ഷയോടെയാണ് വ്യോമയാന മേഖല നോക്കിക്കാണുന്നത്.