ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായ റെഡ് ക്രാബുകളുടെ (ചുവന്ന ഞണ്ടുകൾ) കുടിയേറ്റം ക്രിസ്മസ് ദ്വീപിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് ഇപ്പോൾ വനത്തിനുള്ളിലെ ആവാസ കേന്ദ്രങ്ങളിൽ നിന്ന് മുട്ടയിടുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിലെ തീരത്തേക്ക് യാത്ര ചെയ്യുന്നത്. ദ്വീപിലെ റോഡുകളും പാലങ്ങളും ചുവപ്പ് പരവതാനി വിരിച്ചതുപോലെ ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ വർഷവും മഴക്കാലം തുടങ്ങുന്നതോടെയാണ് ഈ അത്ഭുതകരമായ ‘ഹണിമൂൺ’ യാത്ര ആരംഭിക്കുന്നത്. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ ദൃശ്യം ഇപ്പോൾ ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നു.
ഞണ്ടുകളുടെ ഈ കുടിയേറ്റം ക്രിസ്മസ് ദ്വീപിലെ ജീവൻ ചക്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണ്. പ്രജനനത്തിനായി കടൽത്തീരത്തേക്ക് പോകുന്ന ഞണ്ടുകൾ അവിടെ വെച്ച് ഇണ ചേരുകയും മുട്ടയിടുകയും ചെയ്യുന്നു. ഈ സമയത്ത് ഞണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദ്വീപ് ഭരണകൂടം വലിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. പ്രധാന റോഡുകൾ അടച്ചിടുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നു. ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ പ്രത്യേക പാലങ്ങളും പാതകളും നിർമ്മിച്ചിട്ടുണ്ട്. ഈ സംരക്ഷണ പ്രവർത്തനങ്ങൾ ഞണ്ടുകളുടെ അതിജീവനം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ഈ വർഷത്തെ കുടിയേറ്റം ക്രിസ്മസ് ദ്വീപിന് ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തിരിക്കുകയാണ്. ഈ അത്ഭുത പ്രതിഭാസം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ദ്വീപിൽ എത്തിച്ചേർന്നിട്ടുണ്ട്. വനത്തിനുള്ളിലെ തങ്ങളുടെ കൂടാരങ്ങളിൽ നിന്ന് കടലിലേക്ക് ഒഴുകി നീങ്ങുന്ന ഞണ്ടുകളുടെ കാഴ്ച പ്രകൃതിയുടെ അത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്നു. ഞണ്ടുകൾ കടലിൽ മുട്ടയിട്ട് തിരികെ കരയിലേക്ക് കയറിയ ശേഷം അവയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ ഈ മനോഹരമായ പ്രക്രിയയ്ക്ക് വിരാമമാകും.