ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ശബരിമലയുടെ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദ് നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി കൊല്ലം സ്വദേശി എം.ജി. മനു നമ്പൂതിരിയെയും ആണ് തിരഞ്ഞെടുത്തത്. തുലാമാസ പൂജകൾക്കായി നട തുറന്നതിന് ശേഷമാണ് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പ് നടന്നത്.
പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ കുട്ടികളാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് തിരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിയെ മൈഥിലി കെ. വർമയും തിരഞ്ഞെടുത്തു. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഈ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്നും അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകുമെന്നും നിയുക്ത മേൽശാന്തിമാർ പ്രതികരിച്ചു.
നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ.ഡി. പ്രസാദ് നമ്പൂതിരി. കൊല്ലം കൂട്ടിക്കട സ്വദേശിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മനു നമ്പൂതിരി. വൃശ്ചികം ഒന്നിന് മണ്ഡലകാലത്തിനായി നട തുറക്കുന്ന ദിവസം ഇരുവരും സ്ഥാനമേൽക്കും. ഒരു വർഷക്കാലം അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും പൂജാകർമ്മങ്ങൾക്ക് ഇവർ നേതൃത്വം നൽകും.