പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് രണ്ടു വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമെ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിന് അഞ്ച് വർഷം അധിക തടവും കാൽ ലക്ഷം രൂപ പിഴയും കൂടി ചെന്താമര അനുഭവിക്കണം. കൊലപാതകത്തിനു പിന്നിൽ, തന്റെ കുടുംബം തകർത്തത് സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് പ്രധാനം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും എന്നും വ്യക്തമാക്കി.
സജിതയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ചോര പുരണ്ട ചെന്താമരയുടെ കാൽപ്പാടുകളും കൊലപാതകം നടന്ന സമയത്ത് അയൽവാസി കണ്ടതായ മൊഴികളുമാണ് കേസിൽ നിർണ്ണായകമായത്. വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കൾ പ്രതികരിച്ചു. പ്രതിക്ക് യാതൊരു കാരണവശാലും പരോളോ മറ്റ് ആനുകൂല്യങ്ങളോ നൽകരുതെന്ന് അവർ ആവശ്യപ്പെട്ടു. നെന്മാറയിലെ ഇരട്ടക്കൊലപാതക കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മക്കൾ പറഞ്ഞു.