അഫ്ഗാനിസ്ഥാൻ ലോകത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ. താലിബാൻ ഭരണകൂടം രാജ്യത്ത് സമ്പൂർണ്ണ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്ക് പുറമെ മൊബൈൽ ഫോൺ സർവീസുകളും ടെലിവിഷൻ ചാനലുകളും നിരോധിച്ചിട്ടുണ്ട്. ‘അനീതിപരമായ പ്രവർത്തനങ്ങൾ’ തടയുന്നതിനാണ് ഈ നടപടി എന്നാണ് താലിബാൻ അധികൃതരുടെ വിശദീകരണം. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ ഉത്തരവിനെ തുടർന്നാണ് ഈ കർശനമായ നിയന്ത്രണം നിലവിൽ വന്നത്. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യവ്യാപകമായി നടക്കുന്ന ഏറ്റവും വലിയ ആശയവിനിമയ തടസ്സമാണിത്.
രാജ്യത്തെ ടെലികോം സേവനങ്ങൾ മൊത്തമായി തടസ്സപ്പെട്ടതോടെ അഫ്ഗാനിസ്ഥാനിലെ കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനമായി കുറഞ്ഞുവെന്ന് ഇന്റർനെറ്റ് നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ നിയന്ത്രണം ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയിരിക്കുന്നു. ഇന്റർനെറ്റ് തടസ്സപ്പെട്ടത് കാരണം വിമാന സർവീസുകളെയും ആശുപത്രികളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചു. താലിബാൻ പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മൊബൈൽ, ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷനുകളാണ് പൂർണ്ണമായും വിച്ഛേദിച്ചത്.
അഫ്ഗാൻ ജനതയുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ഓൺലൈൻ വിദ്യാഭ്യാസം, ബിസിനസ്സ് ബന്ധങ്ങൾ, വിവര ലഭ്യത എന്നിവയെ ഈ ബ്ലാക്ക് ഔട്ട് പ്രതികൂലമായി ബാധിക്കും. വിവരങ്ങളുടെ ഒഴുക്ക് തടഞ്ഞ് സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കാനുള്ള ബോധപൂർവമായ തീരുമാനമാണിതെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വിവരങ്ങൾ ലോകം അറിയുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുന്ന ഈ തീരുമാനം അഫ്ഗാനിസ്ഥാനിലെ മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കിയേക്കും.