മലപ്പുറം: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയത് നാഗ വിഗ്രഹങ്ങൾ. മലപ്പുറം താനൂർ തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് കടലിൽ നിന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയത്. സംഭവം കണ്ട് അമ്പരന്നു നിൽക്കുകയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും. സാധാരണയായി വലയിൽ മത്സ്യങ്ങളോ മറ്റ് ജീവികളോ ആണ് കുടുങ്ങാറ്. എന്നാൽ ഇങ്ങനെയൊരു കാഴ്ച ആദ്യമായിട്ടാണെന്ന് തൊഴിലാളികൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികൾക്ക് അപ്രതീക്ഷിതമായി ഭാരം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വല മുകളിലേക്ക് വലിച്ചപ്പോൾ മത്സ്യങ്ങൾക്ക് പകരം നാഗ വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. വലയിലുണ്ടായിരുന്നത് മൂന്ന് കരിങ്കല്ലിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ്. ഇതിന് ഏകദേശം ഒരു കിലോയിലധികം ഭാരമുണ്ടെന്നാണ് കരുതുന്നത്. വിഗ്രഹങ്ങൾ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് വ്യക്തമല്ല.
തൊഴിലാളികൾ കണ്ടെത്തിയ വിഗ്രഹങ്ങൾ പിന്നീട് ക്ഷേത്ര ഭാരവാഹികളെ ഏൽപ്പിച്ചു. മത്സ്യത്തൊഴിലാളികൾ ഈ വിഗ്രഹങ്ങൾ നാട്ടിലെ ഒരു ക്ഷേത്രത്തിന് സമീപം വെച്ചു. ഈ വിഗ്രഹങ്ങൾ ആരുടെയാണെന്ന് കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.