പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കൽക്കി 2’വിൽ നിന്ന് നടി ദീപിക പദുക്കോണിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ നിർമ്മാതാക്കളാണ് ഈ നീക്കം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ആദ്യ ഭാഗത്തിൽ ദീപികയുടെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ലെന്നും, അത് ചിത്രത്തിന്റെ മുഴുവൻ സാധ്യതകളെയും ബാധിച്ചുവെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. ‘കൽക്കി 2’ ഇതിലും വലിയ പരിഗണന അർഹിക്കുന്നുണ്ടെന്നും, കൂടുതൽ മികച്ച ഒരു താരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
ദീപികയ്ക്ക് പകരം മറ്റൊരു പ്രമുഖ നായികയെ സിനിമയിലേക്ക് കൊണ്ടുവരാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്. കഥാപാത്രത്തിന് കൂടുതൽ ഊന്നൽ നൽകുന്ന ഒരു നടിയെയാണ് അവർ തേടുന്നത്. പ്രഭാസിനൊപ്പം മികച്ച സ്ക്രീൻ പ്രസൻസ് ഉള്ള ഒരു നായികയെ കണ്ടെത്താനാണ് ശ്രമം. ഈ നീക്കം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് പുതിയ ദിശാബോധം നൽകുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ദീപികയുടെ ആരാധകർ നിർമ്മാതാക്കളുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തുമ്പോൾ, മറ്റു ചിലർ നിർമ്മാതാക്കളുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ‘കൽക്കി’യുടെ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികച്ചതാകണമെങ്കിൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പുതിയ നായിക ആരെ ആയിരിക്കുമെന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ ലോകം.