ഓഗസ്റ്റ് 26 അന്താരാഷ്ട്ര നായ ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു. നായ പ്രേമികളും വളർത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരും ഈ ദിവസം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. മനുഷ്യന്റെ ഏറ്റവും വിശ്വസ്ഥനായ സുഹൃത്തായി നായയെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ നായകളുടെ സ്നേഹം, വിശ്വസ്ഥത, സഹാനുഭൂതി എന്നിവയെ ആദരിക്കുന്നതിനാണ് ഈ ദിനം നിലവിൽ വന്നത്. നമ്മുടെ ജീവിതത്തിൽ നായ്ക്കൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
ഓരോ നായ ദിനത്തിലും നായ്ക്കളോടുള്ള കരുതലും സ്നേഹവും പ്രോത്സാഹിപ്പിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പല രാജ്യങ്ങളിലും നായ പ്രദർശനങ്ങൾ, ദത്തെടുക്കൽ ക്യാമ്പുകൾ, നായ്ക്കൾക്കുവേണ്ടിയുള്ള ആരോഗ്യ പരിശോധനകൾ എന്നിവ സാധാരണമാണ്. ഇങ്ങനെയുള്ള പരിപാടികളിലൂടെ വളർത്തുനായ്ക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും, അവയ്ക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കാനും സാധിക്കുന്നു. പലരും തെരുവുനായ്ക്കളെ ദത്തെടുത്ത് സംരക്ഷിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്തുന്നു.
അന്താരാഷ്ട്ര നായ ദിനം നായ്ക്കളുടെ സംരക്ഷണത്തിന് ഊന്നൽ നൽകുന്നു. കൂടാതെ നായ്ക്കളോടുള്ള ക്രൂരതകൾക്കെതിരെ പ്രതികരിക്കാനും അവയെ സംരക്ഷിക്കാനും ഈ ദിനം പ്രചോദനം നൽകുന്നു. നമ്മുടെ സുരക്ഷയ്ക്കും സന്തോഷത്തിനും വേണ്ടി നായ്ക്കൾ ചെയ്യുന്ന സേവനങ്ങൾ മറക്കരുത്. അവ നമ്മെ രക്ഷിക്കാൻ മാത്രമല്ല, നമ്മുടെ വിഷമ ഘട്ടങ്ങളിൽ ആശ്വസിപ്പിക്കാനും ഒപ്പമുണ്ടാകാറുണ്ട്. ഈ ദിനം നായ്ക്കളോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനും അവയുടെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങാനും ഒരു അവസരം നൽകുന്നു.