കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 16 വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് അക്കൗണ്ടുകൾ തുടങ്ങുന്നതിന് ഓസ്ട്രേലിയയിൽ വിലക്ക്. ഈ വർഷം ഡിസംബർ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് (മുമ്പ് ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് നേരത്തേ ബാധകമായിരുന്ന ഈ നിയന്ത്രണമാണ് ഇപ്പോൾ യൂട്യൂബിനും വ്യാപിപ്പിച്ചത്. ലോകത്തെ ഏറ്റവും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയ മാറുകയാണ്. ഒരു വിഡിയോ പ്ലാറ്റ്ഫോം മാത്രമാണ് യൂട്യൂബ് എന്നായിരുന്നു ഇതുവരെ അധികൃതരുടെ നിലപാട്.കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്നതിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലെത്തന്നെ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും യൂട്യൂബിന് കഴിയുമെന്ന ഇ-സേഫ്റ്റി കമ്മീഷണറുടെ ശുപാർശയെ തുടർന്നാണ് യൂട്യൂബിനും വിലക്കേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.