ഡൽഹി: തലസ്ഥാന നഗരിയിൽ 15 വയസ്സുകാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം കാരണം ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിലെ ദ്വാരകയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, സംസാരിക്കാൻ കൂട്ടാക്കാത്തതിനാൽ പ്രകോപിതനാകുകയും കൈയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.