Blog Post

Karanavars > News > International > മായാത്ത ഓർമയായി കുഞ്ഞൂഞ്ഞ്; ജനനായകന് ഓർമപ്പൂക്കൾ അർപ്പിച്ച് കേരളം
മായാത്ത ഓർമയായി കുഞ്ഞൂഞ്ഞ്; ജനനായകന് ഓർമപ്പൂക്കൾ അർപ്പിച്ച് കേരളം

മായാത്ത ഓർമയായി കുഞ്ഞൂഞ്ഞ്; ജനനായകന് ഓർമപ്പൂക്കൾ അർപ്പിച്ച് കേരളം

ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമദിനമാണിന്ന്. കേരളം മുഴുവൻ സ്നേഹത്തോടെ ‘കുഞ്ഞൂഞ്ഞ്’ എന്ന് വിളിച്ചിരുന്ന ജനനായകന് ഓർമപ്പൂക്കളർപ്പിച്ച് നാട് അങ്ങേയറ്റത്തെ ആദരം അർപ്പിക്കുകയാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാതെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല.
പുലർച്ചെ മുതൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ജനപ്രവാഹമായിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ജനസമ്പർക്ക പരിപാടികളിലൂടെ സാധാരണക്കാർക്ക് തങ്ങളുടെ പരാതികളും ദുരിതങ്ങളും നേരിട്ട് ഉമ്മൻചാണ്ടിയെ അറിയിക്കാനുള്ള അവസരം ഒരുക്കിയത് അദ്ദേഹത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചു.
ലാളിത്യം, ദയ, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ മുഖമുദ്രകളായിരുന്നു. ഈ ഓർമ്മദിനത്തിലും ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അനുസ്മരിക്കാൻ എത്തുന്നത്. ഉമ്മൻചാണ്ടി എന്ന വ്യക്തി ഒരു നേതാവിനപ്പുറം കേരളത്തിൻ്റെ സ്നേഹവും വിശ്വാസവും നേടിയെടുത്ത സാധാരണക്കാരനായ ഒരു സുഹൃത്തായിരുന്നുവെന്ന് ഈ ഓർമദിനത്തിൽ ഓരോ മലയാളിയും വീണ്ടും ഓർത്തെടുക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *