തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് തോക്ക് അബദ്ധത്തിൽ വെടിപൊട്ടി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറിയ സമയത്താണ് സംഭവം. വെടിശബ്ദം കേട്ട് ഭക്തരും ജീവനക്കാരും പരിഭ്രാന്തരായി ചിതറിയോടിയെങ്കിലും ആർക്കും പരിക്കുകളില്ല.
രാവിലെ ആയുധം പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പിഴവ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടി ക്ഷേത്രത്തിനകത്തുള്ള തറയിൽ പതിച്ചു. ഉടൻതന്നെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അബദ്ധത്തിൽ വെടിപൊട്ടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം നടന്നതിന് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷ കൂടുതൽ ശക്തമാക്കി.
അപകടത്തെക്കുറിച്ച് ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥന്റെ അശ്രദ്ധയാണോ അതോ ആയുധത്തിനുണ്ടായ സാങ്കേതിക തകരാറാണോ വെടിപൊട്ടലിന് കാരണമായതെന്ന് അന്വേഷിച്ച് വരികയാണ്. ഇന്ത്യയിലെ തന്നെ അതീവ സുരക്ഷാ മേഖലയിലുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇത്തരം ഒരു സംഭവം നടന്നത് സുരക്ഷാ വീഴ്ചയായി കണക്കാക്കി പോലീസ് മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കും.