ന്യൂഡൽഹി: ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ അനുഭവപ്പെട്ട
പ്രകമ്പനത്തിൽ ജനങ്ങൾ ഭയന്നു വീടുകൾ വിട്ട് പുറത്തേക്കും തെരുവിലേക്കും ഓടിയതായാണ് റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ജജ്ജറാണ്.
ഭൂചലനം അനുഭവപ്പെട്ടതോടെ പല പ്രദേശങ്ങളിലും ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ആദ്യം ചെറിയ പ്രകമ്പനം തോന്നിയെങ്കിലും അതിന് പിന്നാലെ കിടക്കകളും അലമാരകളും വിറങ്ങലിച്ചു. പ്രകമ്പനം ഏകദേശം 10-15 സെക്കന്റ് വരെ നീണ്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ദുരന്തനിവാരണ അതോറിറ്റിയും ജീയോളജിക്കൽ വകുപ്പുകളും ഇതിനകം തന്നെ പരിശോധനകൾ ആരംഭിച്ചു.
ഇപ്പോൾ വരെ ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലുകൾക്കായി പൊതുജനങ്ങളെ ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂചലനം ആവർത്തിക്കാവുന്ന സാഹചര്യമുണ്ടായിരിക്കുന്നതിനാൽ, എല്ലാവരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.