ചാലക്കുടി: പെയിന്റും ഹാർഡ്വെയറും വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. ചാലക്കുടിയിലെ ഏറന്തോട് കാവലിനടുത്ത് പ്രവർത്തിക്കുന്ന ‘ഊക്കൻസ് പെയിന്റ് & ഹാർഡ്വെയർ’ എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചുവെന്നും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
തീ പടർന്നപ്പോൾ സമീപത്തുള്ള ഗ്യാസ് ഗോഡൗൺ ആണ് വൻ ആശങ്കയ്ക്ക് വഴിവെച്ചത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി സമയബന്ധിതമായി പ്രവർത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്തുള്ള കടകളും വീടുകളും ഒഴിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭാഗ്യവശാൽ ആരെയും പരിക്കേൽക്കാത്തത് ആശ്വാസകരമാണ്.