Blog Post

Karanavars > News > Keralam > മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചെന്ന് കണ്ടെത്തി

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചെന്ന് കണ്ടെത്തി

കൊച്ചി: മുന്‍ മിസ്‌കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്. അതേസമയം ഹോട്ടലുടമ റോയി ഒളിവിലാണ്.

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഓഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്നും ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സൈജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഓഡി  കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നുഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓഡി  കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി  കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുണ്ടന്നൂരില്‍ വെച്ച് ഓഡി  കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് വിവരം.

ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നുമാണ് ഓഡി  കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകടസ്ഥലംവരെ ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പോലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആര്‍. ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്. അപകടത്തിന് തൊട്ടുപിന്നാലെ സൈജു ഹോട്ടലുടമ റോയിയെ വിളിച്ചത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് റോയിയെ ചോദ്യം ചെയ്യുന്നത് നിര്‍ണായകമാകും.

Leave a comment

Your email address will not be published. Required fields are marked *