Blog Post

Karanavars > News > latest news > വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത്‌ ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത്‌ ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്‌സോ സെക്ഷന്‍ 8-ല്‍ നിന്ന് കുറ്റവിമുക്തനാക്കുന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ്‌എസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എ.ജിയോട് നിര്‍ദേശിച്ചു.

പോക്‌സോ ആക്‌ട് പ്രകാരം ശരീരഭാഗങ്ങള്‍ പരസ്പരം (skin to skin contact) ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചത് .ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തു വന്നത്.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്‌സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *