Blog Post

Karanavars > News > Keralam > സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തരുത് -ബെഹ്റ

സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തരുത് -ബെഹ്റ

കൊല്ലം: സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ്‌ ബെഹ്റ.

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണമെന്നും അവര്‍ക്ക് നിയമ സഹായവും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകന്‍റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ക്രിമിനല്‍ നടപടി ചട്ടങ്ങളനുസരിച്ച്‌ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാല്‍, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണം.

മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കില്‍ വ്യാഖ്യാതാവിന്‍റെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്.

സ്ത്രീകളെ സാക്ഷിയായി പോലീസ് സ്റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാന്‍ പാടില്ല. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം.

മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പിടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് ആവശ്യപ്പെടരുത്. എല്ലാ പോലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *