വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന്റെ അനുമതിപത്രം സര്‍ക്കാര്‍ റദ്ദാക്കി
January 7, 2020 9:59 am
0
തിരുവനന്തപുരം: വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന്റെ അനുമതിപത്രം (എസന്‍ഷ്യാലിറ്റി) സര്‍ക്കാര്‍ റദ്ദാക്കി. എസ്.ആര് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ 2016-17 വര്‍ഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാര്‍ഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി.
വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന അനുമതി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം ആവശ്യപ്പെട്ടു. കോളജില്‍ വേണ്ടത്ര അധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയില്‍ രോഗികളില്ല എന്നീ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിവിധി, മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍, കേസിലുള്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി നടത്തിയ ഹിയറിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.
ആരോഗ്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തവെ പണം നല്കി പുറത്തുനിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. എം.സി.ഐ പരിശോധനയ്ക്കു മുന്‍പും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.