Blog Post

Karanavars > News > Keralam > വിടവാങ്ങിയത് ആദ്യ പ്രവാസി മന്ത്രി എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ ‘സ്വകാര്യ ആഹങ്കാരം’ ! എന്തിനും ആര്‍ക്കും ഓടിയെത്താമായിരുന്ന അബ്ബാസിയയിലെ ഇസബെല്ലയില്‍ തോമസ് ചാണ്ടി ഇനിയില്ല. തേങ്ങലോടെ പ്രവാസിലോകം

വിടവാങ്ങിയത് ആദ്യ പ്രവാസി മന്ത്രി എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ ‘സ്വകാര്യ ആഹങ്കാരം’ ! എന്തിനും ആര്‍ക്കും ഓടിയെത്താമായിരുന്ന അബ്ബാസിയയിലെ ഇസബെല്ലയില്‍ തോമസ് ചാണ്ടി ഇനിയില്ല. തേങ്ങലോടെ പ്രവാസിലോകം

കുവൈറ്റ്: കുവൈറ്റിലെത്തുന്ന മലയാളികള്‍ക്ക് ഇന്നുച്ചവരെ ഒരു ധൈര്യമുണ്ടായിരുന്നു. ഇവിടെത്തിയിട്ട് ഒരു പ്രശ്നം വന്നാല്‍ അബ്ബാസിയ ഇസ്ബല്ലയിലെ ആ വീട്ടിലേക്ക് ഓടിയെത്തിയാല്‍ മതിയായിരുന്നു. പക്ഷെ, ഇസ്‌ബല്ലയിലെ കുടുംബനാഥന്‍ തോമസ് ചാണ്ടി എം എല്‍ എ ഇനിയില്ലെന്നത് അവിശ്വസനീയമായ ഒരു വാര്‍ത്ത തന്നെയാണ്.

കേരളത്തിലെ ആദ്യ പ്രവാസി മന്ത്രിയായിരുന്നു തോമസ് ചാണ്ടി. പി ടി കുഞ്ഞുമുഹമ്മദിനുശേഷം ആദ്യ പ്രവാസി എം എല്‍ എയും തോമസ് ചാണ്ടിയായിരുന്നു. തങ്ങളില്‍ ഒരാളായ പ്രവാസിയെ അറിയുന്ന ഒരു മന്ത്രി, എം എല്‍ എ എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു തോമസ് ചാണ്ടി.

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിയില്‍ നിന്നും എഞ്ചിനീയറിംഗ് നേടിയ ശേഷം നാട്ടില്‍ യൂത്ത് കോണ്‍ഗ്രസില്‍ സജീവമായിരിക്കെയാണ് 1977 ല്‍ തോമസ് ചാണ്ടി കുവൈറ്റിന് പറക്കുന്നത്അന്ന് കുട്ടനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രെസിഡണ്ടായിരുന്നു. അന്നുമുതല്‍ കെ കരുണാകരന്റെ അടുത്ത വിശ്വസ്തന്‍.

എന്നാല്‍ കുവൈറ്റില്‍ ജോലി തേടിയെത്തിയതോടെ രാഷ്ട്രീയത്തിന് താല്‍ക്കാലിക അവധി നല്‍കി. കഠിനാധ്വാനമായിരുന്നു അന്നും തോമസ് ചാണ്ടിയുടെ മുതല്‍ക്കൂട്ട്. അങ്ങനെയാണ് ജോലി വിട്ട് അതുവരെ സ്വരുക്കൂട്ടിയ സ്വത്തുമായി ബിസിനസിലേക്ക് തിരിഞ്ഞത്.

കുവൈറ്റിലെത്തുന്ന പ്രവാസികളുടെ മക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദ്യാഭ്യാസമായിരുന്നു.

അങ്ങനെയാണ് കുവൈറ്റില്‍ പ്രവാസികളുടെ മക്കള്‍ക്ക് പഠിക്കാന്‍ മികച്ചൊരു സ്‌കൂള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെ അദ്ദേഹം സ്ഥാപിച്ച കുവൈറ്റ് ഹസാവിയിലെ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ സ്‌കൂളും സാല്മിയയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും സൗദിയിലെ സ്‌കൂളുമെല്ലാം പിന്നീട് പ്രവാസി വിദ്യാര്‍ത്ഥികളുടെ അഭിമാന സ്ഥാപനങ്ങളായിരുന്നു.

കുവൈറ്റിലെത്തി ചെറിയ വരുമാനത്തില്‍ ജീവിതം കഴിച്ചുകൂടുന്നവര്‍ക്ക് ഇവിടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക അപ്രാപ്യമായിരുന്നപ്പോഴൊക്കെ സഹായ ഹസ്തം നീട്ടിയത് തോമസ് ചാണ്ടിയായിരുന്നു.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി ആളുകളാണ് അത്തരത്തില്‍ തങ്ങളുടെ മക്കളെ സഹായിക്കണമെന്ന ആവശ്യവുമായി തോമസ് ചാണ്ടിയെ സമീപിച്ചിട്ടുള്ളത്. അവര്‍ക്കൊക്കെ സൗജന്യമായി തന്നെ വിദ്യാഭ്യാസം നല്‍കാനും അദ്ദേഹം തയാറായിട്ടുണ്ട്.

ഇനി അതല്ല, മറ്റെന്ത് ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചാലും സഹായം ഉറപ്പായിരുന്നു. തന്നെ സമീപിക്കുന്ന ഒരാളോട് ചെയ്യാന്‍ കഴിയുന്ന സഹായം മറച്ചുവച്ച്‌ ‘No’ പറഞ്ഞ ചരിത്രം തോമസ് ചാണ്ടിക്കുണ്ടാകില്ല.

ആദ്യം രാഷ്ട്രീയക്കാരനായിരുന്നെങ്കിലും പിന്നീട് കുവൈറ്റിലെത്തി വ്യവസായിയായി മാറി പണക്കാരനായി മടങ്ങിയെത്തിയ ശേഷമായിരുന്നു വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഡി ഐ സി രൂപീകരിച്ചപ്പോള്‍ തനിക്കൊപ്പം നിന്ന തോമസ് ചാണ്ടിക്ക് കെ കരുണാകരനാണ് ആദ്യം മത്സരിക്കാന്‍ സീറ്റ് നല്‍കുന്നത്. പിന്നീടിതുവരെ കുട്ടനാട് ചാണ്ടിയെ കൈവിട്ടിട്ടില്ല.

കുവൈറ്റിലെ ബിസിനസുകളില്‍ നിന്നും ആവോളം വരുമാനമുണ്ടായിട്ടും ചാണ്ടി നാട്ടില്‍ തന്റെ സ്ഥാപനം വേണമെന്ന ആഗ്രഹത്തിലായിരുന്നു. ഇവിടെ നിരവധി പേര്‍ക്ക് ജോലിയും നല്‍കി. ഒടുവില്‍ കാത്തിരുന്നു കിട്ടിയ മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നത് ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലായിരുന്നു.

രോഗം കലശലായി തന്റെ അവസ്ഥ എന്തെന്ന് അറിയാമായിരുന്നിട്ടും അവസാന കാലത്ത് ചികിത്സ വീട്ടില്‍ തന്നെയായിരുന്നു. അതിനുള്ള സൗകര്യങ്ങള്‍ വീട്ടില്‍ത്തന്നെ ഒരുക്കി. തനിക്കെന്ത് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും വീട്ടിലെത്തുന്നവരെ കാണാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവസാനം വരെയും സമയം കണ്ടെത്തി.

മേഴ്സിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ബെറ്റി, ഡോ. ടോബി, ടെസി. മരുമക്കള്‍: ഡോ. അനസു, ജോയല്‍ ജേക്കബ്ബ്.

Leave a comment

Your email address will not be published. Required fields are marked *