കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെ കൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവായതിനാല്‍ തനിക്ക് പകര്‍പ്പ് നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.