തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ രണ്ടുപേര്‍ പിടിയില്‍. രോഗിയായി പ്രവേശിപ്പിക്കപ്പെട്ട രാഹുലിനെയും ഒരു റിമാന്‍ഡ് പ്രതിയെയുമാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചയാളാണ് രാഹുല്‍. രക്ഷപ്പെട്ട ഏഴുപേരില്‍ ആറു പേരും റിമാന്‍ഡ് പ്രതികളാണ്. ഇവരില്‍ അഞ്ച് പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു (കണ്ണന്‍), വിപിന്‍, ജിനീഷ് എന്നീ പ്രതികളും രോഗിയായ രാഹുലും പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ടത്.
രാത്രി 7.50 ഓടെ ഇവരെ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് സംഭവം. കേന്ദ്രത്തിലെ തടവുകാരുടെ സെല്ലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനെയും കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരെയും ആക്രമിച്ച പ്രതികള്‍ ഇവരുടെ ആഭരണവും മൊബൈലും കവര്‍ന്നാണ് കടന്നുകളഞ്ഞത്.
ഡ്യൂട്ടി നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം പൊലീസുകാരന്‍ രഞ്ജിത്തിനെ ആക്രമിച്ച് ഇയാളുടെ മൂന്ന് പവന്‍റെ മാല പൊട്ടിച്ചെടുക്കുകയും മൊബൈല്‍ തകര്‍ക്കുകയും ചെയ്തു. ഇവരില്‍ നിന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന സംഘം മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം ഏഴുപേരും പലവഴിക്കാണ് പോയതെന്നും ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.