ആലപ്പുഴ: ശാസ്ത്രലോകത്തിന് ക്രിസ്തുമസ് സമ്മാനമായി വലയസൂര്യഗ്രഹണം. മനുഷ്യായുസ്സില്‍ ഇത്തരം കാഴ്ചകള്‍ ഏറെ അപൂര്‍വമാണ്. ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആസ്വദിക്കാനുള്ള ഈ അപൂര്‍വാവസരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. ക്രിസ്തുമസ് കഴിഞ്ഞ് അടുത്ത ദിവസമാണ് ഈ വലയസൂര്യഗ്രഹണം.
സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുന്നത്.
രാവിലെ എട്ടുമുതല്‍ 11.15 വരെയാണ് വലയസൂര്യഗ്രഹണം കാണാന്‍ കഴിയുക. ഇതിന്റെ വലയാകാരപാത തെക്കന്‍ കര്‍ണാടകം, വടക്കന്‍ കേരളം, മധ്യ തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.
ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് കണ്ണിനു ഹാനികരമായതിനാല്‍ സൗരകണ്ണടകള്‍ ഉപയോഗിച്ചോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഭിത്തിയില്‍ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം. ടെലിസ്‌കോപ്പിലൂടെയും നേരിട്ട് നോക്കരുത്. ഗ്രഹണസമയത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ഥങ്ങളോ മാരകരശ്മികളോ സൃഷ്ടിക്കപ്പെടുന്നില്ല. അതിനാല്‍ ഈ സമയം പുറത്തിറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ യാത്രചെയ്യുന്നതോ അപകടകരമല്ല.
വലയ സൂര്യഗ്രഹണം നടക്കുന്നത് ഡിസംബറിലായതു കൊണ്ട് ആകാശത്ത് മേഘങ്ങള്‍ ഒഴിഞ്ഞുനില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ഇതുകാണാന്‍ വടക്കന്‍ കേരളത്തിലേക്കെത്തും. ഇതുപോലൊരു വലയസൂര്യഗ്രഹണം കാണാന്‍ ഇനി 2031 മേയ് 21-വരെ കാത്തിരിക്കേണ്ടി വരും.