തിരുവനന്തപുരം: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും പേരുകേട്ട ഇ – കൊമേഴ്‌സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ആമസോണ്‍. എന്നാല്‍ ഈ കമ്ബനി മലയാളികള്‍ക്കിടയില്‍ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആനയറ സ്വദേശിയായ മഹേഷ് കുമാര്‍. ആമസോണ്‍ വഴി താന്‍ ഓര്‍ഡര്‍ ചെയ്ത ഒരു ഉത്പന്നം കേടായ നിലയിലാണ് തന്റെ കൈയില്‍ എത്തിയതെന്ന് മഹേഷ് കുമാര്‍ പറയുന്നു. ഒരു വീഡിയോ ഡോര്‍ബെല്ലാണ് മഹേഷ് കുമാര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. റിട്ടേണ്‍ ബുക്ക് ചെയ്തപ്പോള്‍ ഈ വീഡിയോ ഡോര്‍ബെല്‍ തങ്ങള്‍ നല്‍കുന്ന വിലാസത്തില്‍ അയക്കുവാനാണ് ആമസോണ്‍ പ്രതിനിധികള്‍ മഹേഷിനോട് പറഞ്ഞത്.
എന്നാല്‍ ഇവര്‍ നല്‍കിയത് വ്യാജമായ, ചൈനയിലേത് എന്ന് തോന്നിക്കുന്ന വിലാസമാണെന്നും ഇയാള്‍ പറയുന്നു. ഇത് സംബന്ധിച്ച് അന്‍പതോളം തവണ താന്‍ ആമസോണില്‍ വിളിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും മഹേഷ് പറയുന്നുണ്ട്. മാത്രമല്ല, ആമസോണ്‍ കസ്റ്റമര്‍ കെയര്‍ പ്രതിനിധികള്‍ ഉപഭോക്താക്കളോട് സംസാരിക്കാന്‍ മറ്റെല്ലാ ഭാഷകളും ഉപയോഗിക്കുമ്ബോഴും മലയാളം ഉപയോഗിക്കാത്തത് കേരളത്തില്‍ തട്ടിപ്പ് നടത്താന്‍ വേണ്ടിയാണെന്നും മഹേഷ് കുമാര്‍ ആരോപിക്കുന്നു.